04:44pm 28 October 2026
NEWS
മറക്കല്ലേ, മരണം പിൻസീറ്റിലുണ്ട്... കാർട്ടൂണിൽ കുട്ടികൾ വരച്ചു
27/10/2026  10:16 AM IST
nila
മറക്കല്ലേ, മരണം പിൻസീറ്റിലുണ്ട്... കാർട്ടൂണിൽ  കുട്ടികൾ വരച്ചു

എൻ വഴി തനി വഴി എന്ന് പറയുന്ന സൂപ്പർതാരം ആണെങ്കിലും സീബ്ര ലൈനിൽ കൂടി നടക്കുന്ന രജനികാന്ത്, ഹെയർ സ്റ്റൈൽ പോകാതിരിക്കാനായി ഹെൽമറ്റ് വെക്കാതെ ബൈക്കിൽ പറക്കുന്ന പയ്യൻ്റെ പിൻ സീറ്റിൽ ഇരിക്കുന്ന മരണം... വൈവിധ്യമുള്ള നിരവധി ആശയങ്ങളാണ് കുട്ടികൾ കാർട്ടൂണിൽ വരച്ചത്.കേരള കാർട്ടൂൺ അക്കാദമിയും ആൾ ഇന്ത്യ മലയാളി അസോസിയേഷനും (എയ്മ) ചേർന്ന് സ്ക്കൂൾ, കോളേജ് തലത്തിലുള്ളവർക്കു നടത്തിയ ട്രാഫിക്ക് ബോധവത്ക്കരണ കാർട്ടൂൺ മത്സരത്തിൽ സമ്മാനാർഹമായ കാർട്ടൂണുകളിൽ ചിലതിലെ ഉള്ളടക്കമാണ് ഇവ. 

ദിവസേന കൂടിക്കൂടിവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ബോധവൽക്കരണത്തിനായി വിദ്യാർത്ഥികൾക്കായി കാർട്ടൂൺ മത്സരം  കാർട്ടൂൺ അക്കാദമിയും എയ്മയും ഒരുക്കിയത്.

മത്സര ജേതാക്കൾക്ക് കഴിഞ്ഞദിവസം പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ജൂനിയർ വിഭാഗത്തിൽ  അശ്വതി റാം എം പി (കണ്ണൂർ),  നിവേദ് വി മേനോൻ (എറണാകുളം), അബിൻ സുരേഷ് (ആലപ്പുഴ) എന്നിവർക്കാണ് ആദ്യം മൂന്ന് സ്ഥാനങ്ങൾ ലഭിച്ചത് സീനിയർ വിഭാഗത്തിൽ  ഇഷാൻ ഗോകുൽ (എറണാകുളം),  പ്രണതി നാഗേഷ് (എറണാകുളം),  ആൻ പ്രിയ ഐ. ടി. (എറണാകുളം) എന്നിവർ ജേതാക്കളായി. എറണാകുളം കലൂർ ഗോകുലം പാർക്കിൽ നടന്ന ചടങ്ങിൽ എയ്മ ദേശീയ പ്രസിഡൻറ് ഗോകുലം ഗോപാലനാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്.

സമൂഹത്തിലെ ബോധവൽക്കരണത്തിന് കാർട്ടൂൺ ശക്തമായ  മാധ്യമമാണെന്നും  കാർട്ടൂണുകളുടെ പ്രോത്സാഹനത്തിനായി ഭാവിയിലും എയ്മ ഒപ്പമുണ്ടാകുമെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർ നാഥ് അധ്യക്ഷനായിരുന്നു. 

എയ്മ ദേശീയ  ജനറൽ സെക്രട്ടറി കെ. ആർ മനോജ്, കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ അനൂപ് രാധാകൃഷ്ണൻ, ട്രഷറർ  സജ്ജീവ് ബാലകൃഷ്ണൻ, ജൂറി അംഗങ്ങളായ കാർട്ടൂണിസ്റ്റ് കെ ഉണ്ണികൃഷ്ണൻ , ബിനുരാജ് കലാപീഠ0, മീനു എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇരു വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടിയവർക്ക് 10,000 രൂപയും പ്രശസ്തി പത്രവും, പുസ്തകങ്ങളും, രണ്ടാം സ്ഥാനം നേടിയവർക്ക് 7,500 രൂപയും പ്രശസ്തി പത്രവും,  പുസ്തകങ്ങളും, മൂന്നാം സ്ഥാനം നേടിയവർക്ക് 5,000 രൂപയും പ്രശസ്തി പത്രവും, പുസ്തകങ്ങളും നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img